റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച് കേസ് പതിനൊന്നാം തവണയും തീർപ്പാക്കാതെ റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവച്ചു. പ്രതിഭാഗം അഭിഭാഷകരും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും ജയിലിൽ നിന്ന് അബ്ദുൽ റഹീമും ഓൺലൈൻ കോടതിയിലാണ് പങ്കെടുത്തത്.
19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച് കേസിൽ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ അഞ്ച് മാസം മുമ്പ് കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ കാരണം.
റിയാദിലെ ഇസ്കാൻ ജയിലിലാണ് ഇപ്പോൾ റഹീം കഴിയുന്നത്. പബ്ലിക് റൈറ്റ് പ്രകാരം കേസിൽ തടവുശിക്ഷ വിധിച്ചാലും 19 വർഷമായി തടവിലായതിനാൽ അബ്ദുൽ റഹീമിന് അധികനാൾ ജയിലിൽ തുടരേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.
2006 നവംബറിലായിരുന്നു സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ മലയാളിയായ അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ റഹീമിനായി മലയാളികൾ കൈക്കോർക്കുകയായിരുന്നു. റഹീമിന്റെ മോചനത്തിനായി ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച് നൽകി.