ന്യൂഡൽഹി: ലഷ്കർ ഭീകരർക്ക് മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കൈമാറിയത് ദാവൂദ് ഗിലാനി (ഡേവിഡ് കോൾമാൻ ഹെഡ്ലി) . ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയ ലഷ്കർ എജന്റിനാണ് ദൃശ്യങ്ങൾ കൈമാറിയതെന്നാണ് എൻഐഎ നൽകുന്ന വിവരം. തഹാവൂർ ഹുസൈൻ റാണയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചത്.
തഹാവൂർ ഹുസൈൻ റാണയുടെ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമിഗ്രേഷൻ സ്ഥാപനം വഴിയാണ് ദാവൂദ് ഗിലാനി ഇന്ത്യയിൽ എത്തിയത്. ഭീകരാക്രമണം നടത്തേണ്ട സ്ഥലം സമയവും ലഷ്കർ ഭീകരർക്ക് കൈമാറുകയാണ് യാത്രയുടെ ഉദ്ദേശം.
രണ്ടാമത്തെ നിലയിൽ താമസിച്ചാണ് താജ് ഹോട്ടലിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ലഷ്കർ സംഘത്തിന് അയച്ചു നൽകിയത്. മുംബൈയിലേക്ക് കടൽ മാർഗം കയറാനുള്ള രൂപരേഖ തയ്യാറാക്കി നൽകിയതും ഇയാളായിരുന്നു. ഇതിനായി വിനോദ സഞ്ചാരി എന്ന വ്യാജേന മുംബൈ തീരത്ത് ബോട്ട് സവാരി നടത്തി വീഡിയോ ചിത്രീകരിച്ച് അയച്ച് നൽകുകയും ചെയ്തു. തഹാവൂർ റാണയും ഇക്കാര്യങ്ങളിൽ പരോക്ഷ പങ്കാളിയായിരുന്നു. കാലിഫോർണിയയിൽ വച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ ഈ ദൃശ്യങ്ങൾ ദാവൂദ് ഗിലാനി, റാണയെ കാണിക്കുകയും ചെയ്തു.
അതേസമയം തഹാവൂർ ഹുസൈൻ റാണയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തേക്ക് കടന്നു. ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെ എൻഐഎ സംഘം ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. റാണയിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജൻസി. തുടർന്ന് റാണയ്‌ക്കെതിരെ അനുബന്ധ കുറ്റപത്രം എൻഐഎ സമർപ്പിക്കും.















