കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന കലാപത്തിൽ നിരോധിത സംഘടനയായ സിമിക്കും പിഎഫ്ഐക്കും പങ്ക്. വഖ്ഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധവും തുടർന്നുണ്ടായ കലാപവും മതമൗലിക സംഘടനകളുടെ ഗൂഢാലോചനയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
പിഎഫ്ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിലാണ് പ്രതിഷേധവും കലാപവും നടന്നത്. നിരോധനത്തിന് ശേഷം സിമിയുടെയും പിഎഫ്ഐയുടെയും അംഗങ്ങൾ കൂട്ടത്തോടെ എസ്ഡിപിഐയിൽ ചേക്കേറി. പ്രദേശത്തെ തീവ്ര സംഘടനയുടെ സ്വാധീനം സംബന്ധിച്ച് നിരവധി തവണ ബംഗാൾ പൊലീസിന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ചാണ് വഖ്ഫ് ദേദഗതി ബില്ലിനെതിരെ പ്രചാരണം നടത്തിയത്. ഇവർ വീടുവീടാന്തരം കയറിയിറങ്ങി, കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ ഭയം പടർത്തി, മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുമെന്ന് പറഞ്ഞ് മുസ്ലീം കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ഐബിയിലെ ഒരു ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനായി എസ്ഡിപിഐ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് വഖ്ഫ് ബിൽ പാസായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം വഖ്ഫ് നിയമത്തിനെതിരായ ആരംഭിച്ച പ്രതിഷേധം കൃത്യമായ ആസൂത്രണത്തോടെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇജാസ് അഹമ്മദ് മരിച്ചതോടെ സ്ഥിതിഗതികൾ വഷളായി. എസ്ഡിപിഐ പ്രവർത്തകർ തങ്ങളുടെ വീട്ടിലും എത്തിയെന്നും സ്വത്ത് പിടിച്ചെടുക്കുന്ന കാര്യം പറഞ്ഞെന്നും യുവാവിന്റെ കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 15 നും 20 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായും അക്രമത്തിൽ പങ്കെടുത്തത്. ഈദിന് നാട്ടിൽ എത്തിയവരാണ് ഇതിൽ കൂടുതൽ പേരും. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളെയും വീടുകളെയും സംഘം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു.