ന്യൂഡെല്‍ഹി: വായ്പകളെടുത്തവര്‍ക്ക് ആശ്വാസമായി വായ്പാ നിരക്കില്‍ 0.25% (25 ബേസിസ് പോയന്റ്) കുറവ് വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് കൈമാറിക്കൊണ്ട് എസ്ബിഐയും നിരക്കുകള്‍ താഴ്‌ത്തിയത്.
ഇതോടെ ബാങ്കിന്റെ റിപ്പോ ബന്ധിത പലിശ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 25 ബേസിസ് പോയന്റ് താഴ്ന്ന് 8.25 ശതമാനത്തിലെത്തി. എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (ഇബിഎല്‍ആര്‍) 25 ബേസിസ് പോയന്റ് താഴ്‌ത്തി 8.65 ശതമാനത്തിലെത്തിച്ചു. ആര്‍എല്‍എല്‍ആര്‍, ഇബിഎല്‍ആര്‍ എന്നീ രണ്ട് നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് വ്യത്യസ്ത വായ്പകള്‍ നല്‍കുന്നത്. ഏപ്രില്‍ 15 ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാവും.
ഭവന, വാഹന വായ്പകളെടുത്തവര്‍ക്ക് വലിയ ആശ്വാസമാണ് ആര്‍ബിഐ നടപടി. ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ പിന്‍ബലത്തില്‍ എസ്ബിഐ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പലിശ നിരക്കില്‍ 25 ബേസിസ് പോയന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതോടെ ഏതാനും മാസങ്ങള്‍ക്കിടെ ഭവന, വാഹന പലിശാ നിരക്കില്‍ 0.50 ശതമാനം കുറവുണ്ടായി. നിലവിടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം പുതിയ വായ്പാ ഉപഭോക്താക്കളെ കണ്ടെത്താനും ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ പശ്ചാത്തലത്തില്‍ വളര്‍ച്ച പിന്നോട്ടടിക്കാതിരിക്കാനാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ താഴ്‌ത്തിയത്.
നിക്ഷേപകര്‍ക്ക് നിരാശ
വായ്പാ ഉപഭോക്താക്കള്‍ സന്തോഷിക്കുമെങ്കിലും എസ്ബിഐയുടെ നിക്ഷേപകര്‍ക്ക് അത്ര സുഖകരമല്ല കാര്യങ്ങള്‍. നിക്ഷേപ നിരക്ക് 10-25 ബേസിസ് പോയന്റ് താഴ്‌ത്തിയതാണ് നിരാശക്ക് കാരണം.
ഇതുപ്രകാരം 3 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, 1-2 വര്‍ഷത്തെ ടേം ഡെപ്പോസിറ്റില്‍ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറഞ്ഞ് 6.7% ആയി കുറയും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7% ല്‍ നിന്ന് 6.9% ആയി പലിശ കുറയും.
3 കോടി രൂപയില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 6.4% ആയി മാറി. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ളവയ്‌ക്ക് 25 ബേസിസ് പോയിന്റ് കുറഞ്ഞ് 6.5% ആയും മാറി.
അതുപോലെ, 1-2 വര്‍ഷത്തേക്ക്, പുതിയ പലിശ നിരക്ക് 7% ല്‍ നിന്ന് 6.8% ആയും, 2-3 വര്‍ഷത്തേക്ക് 7% ല്‍ നിന്ന് 6.75% ആയും മാറും.















