ജനസംഖ്യ ഇടിവ് പരിഹരിക്കാൻ പ്രവർത്തി ദിനം വെട്ടിക്കുറച്ച് ജപ്പാൻ. ടോക്കിയോയിലെ സർക്കാർ ജീവനക്കാർ ഇനി ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും. ജോലിഭാരം കാരണം കുഞ്ഞുങ്ങളെ വേണ്ടാ എന്ന തിരുമാനം എടുക്കുന്ന ദമ്പതികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
2023ൽ ജപ്പാനിലെ ജനന നിരക്ക് 1.2 ആയിരുന്നു. ജനസംഖ്യ സ്ഥിരതയ്‌ക്ക് ആവശ്യമായ 2.1 നേക്കാൾ വളരെ കുറവ്. 2024 ൽ ആകെ ജനിച്ചത് 7.27 ലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ്. തുടർച്ചയായ വർഷങ്ങളിൽ ജനസംഖ്യയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് അറ്റകൈ പ്രയോഗവുമായി സർക്കാർ രംഗത്തെത്തിയത്. ജോലിഭാരവും വർദ്ധിച്ച് വരുന്ന ജീവിത ചെലവുമാണ് കുടുംബാസൂത്രണത്തെ ബാധിക്കുന്നതെന്നാണ് നിഗമനം. പുതിയ തീരുമാനം കൊണ്ട് ഒരുപാട് കുഞ്ഞിക്കാലുകൾ കാണുമെന്നാണ് ജപ്പാൻ സർക്കാരിന്റെ പ്രതീക്ഷ.
ലോകമെമ്പാടും, ജോലി സമയം കുറയ്‌ക്കാനുളള നീക്കത്തിന് പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ, 5,000 ജീവനക്കാരുള്ള 200-ലധികം കമ്പനികൾ ഇതിനകം ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന് പോളിസി കൊണ്ടുവന്നിട്ടുണ്ട്. ഡെൻമാർക്ക്, നോർവേ, ഓസ്ട്രിയയിലെ തുടങ്ങിയ രാജ്യങ്ങളിൽ 26 നും 28 നും ഇടയിൽ മണിക്കൂറാണ് ആഴ്ചയിലെ ജോലി സമയം. ഭൂട്ടാനും സുഡാനുമാണ് ഏറ്റവും ഉയർന്ന പ്രതിവാര ശരാശരി രേഖപ്പെടുത്തുന്നത് യഥാക്രമം 54.5 ഉം 50.8 ഉം മണിക്കൂറുകളുമാണിത്















