ഗുരുഗ്രാം: ആശുപത്രി ജീവനക്കാരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി എയർഹോസ്റ്റസ്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ആറിനാണ് സംഭവം. 46-കാരിയാണ് പീഡനത്തിന് ഇരയായത്. പരാതിയെ തുടർന്ന് സദർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലിയുടെ ഭാഗമായി പരിശീലനത്തിനായി ഗുരുഗ്രാമിലേക്ക് എത്തിയതായിരുന്നു ബംഗാൾ സ്വദേശിനിയായ എയർഹോസ്റ്റസ്. ഇതിനിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ ഭർത്താവ് സ്ഥലത്തെത്തുകയും ഏപ്രിൽ 5ന് ഗുരുഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എയർഹോസ്റ്റസിനെ മാറ്റുകയും ചെയ്തു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ പിന്തുണയോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനം.
വെന്റിലേറ്ററിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ ആശുപത്രിയിലെ പുരുഷ ജീവനക്കാർ അടുത്തുവരികയും മോശമായി പെരുമാറുകയുമായിരുന്നു. സംസാരിക്കാൻ പോലുമാകാതെ കിടക്കുകയായതിനാൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും സമീപത്തുണ്ടായിരുന്ന രണ്ട് നഴ്സുമാർ അതിക്രമം തടഞ്ഞില്ലെന്നും എയർഹോസ്റ്റസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഏപ്രിൽ 13ന് ഡിസ്ചാർജ് വേളയിലാണ് 46-കാരി ഭർത്താവിനോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു കുടുംബം.
പരാതി ലഭിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ പൊലീസ് കുറ്റകൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി ചാർട്ടും പരിശോധിച്ചു. മജിസ്ട്രേറ്റിന് മുൻപിൽ പരാതിക്കാരിയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തുമെന്ന് സദർ പൊലീസ് അറിയിച്ചു. അതേസമയം ലൈംഗികാതിക്രമം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.