കണ്ണൂർ: എതിർപ്പ് ശക്തമാകുന്നതിനിടെ പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറിയുള്ള റെസ്റ്റ് ഹൗസ് നിർമ്മാണം പുനരാംരംഭിച്ചു. നിർമാണത്തിനെതിരെ ക്ഷേത്രം ഊരാളൻ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കി കാത്തിരിക്കുന്നതിനിടെയാണ് നിർമാണം വീണ്ടും തുടങ്ങിയത്. പരാതിയിൽ തീരുമാനമുണ്ടാകുന്നത് വരെ നിർമാണം നിർത്തിവെക്കണമെന്ന് ദാമോദരൻ നമ്പൂതിരി ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി പാതിരിയാട് വില്ലേജിലാണ് കേളാലൂർ ദേവസ്വം വക 19 ഏക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒരേക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് പണിയുന്നത്. റവന്യൂ രേഖകളിലും പുരാവസ്തു വകുപ്പിന്റെ പക്കലുള്ള രേഖകളിലും ഇത് കേളാലൂർ ദേവസ്വം ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോർഡിൽ നിന്നോ ക്ഷേത്ര ഊരാളൻമാരിൽ നിന്നോ അനുമതി വാങ്ങാതെ പുറമ്പോക്ക് ഭൂമിയാണെന്ന് പറഞ്ഞാണ് പിഡബ്ല്യൂഡി നടപടിയുമായി മുന്നോട്ട് പോയത്.
കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. പിണറായി ഇൻഡസ്ട്രിയൽ സൊസൈറ്റിയാണ് 5 കോടി രൂപ മുതൽമുടക്കിൽ നിർമാണം നടത്തുന്നത്.















