തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്ന് മുഖസ്തുതി പറഞ്ഞുകൊണ്ടുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി മുൻ എംഎൽഎയും ഭർത്താവുമായ കെ.എസ്. ശബരീനാഥൻ.
രാഷ്‌ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നത് പോലെയല്ലെന്നും ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാൽ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥൻ പറയുന്നു
‘‘ രാഷ്‌ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധർമമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകൾ പറയുന്നതിൽ തെറ്റില്ല. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്‌ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സർക്കാർ തലത്തിൽനിന്നു രാഷ്‌ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണത്.
സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നവർ ആകുമ്പോൾ ജനങ്ങൾ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കിൽ ഒരുപക്ഷേ, ആരും മൈൻഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്‌ട്രീയമായി വിമർശിച്ചുകൊണ്ടോ പുകഴ്‌ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം’’, ഒരു സ്വകാര്യ ചാനലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ശബരീനാഥൻ പറഞ്ഞു.ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു എന്നും മുൻ ആര്യനാട് എം എൽ എ കൂടിയായ ശബരീനാഥൻ പറഞ്ഞു.
കെ കെ രാഗേഷിനെ മുഖസ്തുതി പറഞ്ഞ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ദിവ്യയ്‌ക്കും ശബരീനാഥനുമെതിരെ കടുത്ത വിമർശനങ്ങൾ നടക്കുന്നതിനിടെയാണു വിശദീകരണം.
‘കർണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം’ എന്നായിരുന്നു രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ്.അയ്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
(Picture courtesy: drdivyasiyerias)















