തിരുവനന്തപുരം: കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനവുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തുന്ന ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര സർക്കാരും ബി ജെ പി യും വാക്കുപാലിച്ചില്ല എന്ന് വരുത്തിത്തീർക്കാർ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. മുനമ്പം ജനതയ്ക്കായി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്, പ്രസംഗത്തിന്റെ ഒരംശം എടുത്ത് വളച്ചൊടിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വഖ്ഫ് ദേദഗതി മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ പര്യപ്തമല്ലെന്ന വാദവുമായാണ് ഇവർ ഇറങ്ങിയിരിക്കുന്നത്. വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിലും ഇവർ മുനമ്പത്തിന് എതിരായ സമീപനമാണ് സ്വീകരിച്ചത്. മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുന്ന 40 വകുപ്പ് പിൻവലിക്കാനുള്ള തീരുമാനത്തെ പോലും പിന്തുണച്ചില്ല. ഇവരാണ് മുനമ്പത്തെ ജനങ്ങളോട് ബിജെപി നീതി കാണിച്ചില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നത്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇൻഡി സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിനെയും മുരളീധരൻ വിമർശിച്ചു. വഖ്ഫ് ട്രിബ്യൂണൽ തീരുമാനമെടുക്കന്നത് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുവാനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ ഇല്ലാതാക്കുന്നത്.
കേന്ദ്രസർക്കാർ മുനമ്പത്ത് ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. നീതി നടപ്പിലാക്കുവാനുള്ള സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. മുനമ്പത്ത് ബിജെപിയും കേന്ദ്രസർക്കാരും എടുത്തിരിക്കുന്ന നിലപാടിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. മുത്തലാഖിന്റെ കാര്യത്തിലും ഇൻഡി സഖ്യം ഇതേ നിലപാടാണ് സ്വീകരിച്ചത്. ഈ രാജ്യത്തെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നീതി ലഭ്യമാക്കുന്ന സമീപനമാണ് വഖ്ഫ് ഭേദഗതിയിലൂടെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.















