തൃശൂർ: തൃശൂർ ജില്ലാ കലക്ടറേറ്റിലെ ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി. ആർഡിഒ ഓഫീസിലെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ ഭീകരാക്രമണ കേസിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ള തഹാവൂർ റാണയുടെ പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം വന്നത്.
എടപ്പാടി പളനി സ്വാമിയെ വകവരുത്തുമെന്നും ആർഡിഎക്സ് വച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി. സന്ദേശം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ അധികൃതർ പൊലീസിനെയും ബോംബ്സ്ക്വാഡിനെയും വിവരമറിയിച്ചു. ഇവർ കളക്ടറേറ്റിലെത്തി പരിശോധന നടത്തി. ജീവനക്കാരെ പൂർണമായും ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പരിശോധന.
ഉടനെ സ്ഫോടനം നടക്കുമെന്നാണ് ഇമെയിലിൽ പറഞ്ഞിരുന്നത്. ബാരിക്കേഡ് ഉപയോഗിച്ച് കളക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചാണ് പരിശോധന നടത്തിയത്. പാലക്കാട് ആർഡിഒ ഓഫീസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.















