ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഗവായിയുടെ പേര് നിർദേശിച്ചത്. പരമ്പരാഗതമായി തുടർന്നുപോരുന്ന നടപടിയെന്നോണം കേന്ദ്ര നിയമമന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശുപാർശ കത്ത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൈമാറി. പിൻഗാമിയെ ശുപാർശ ചെയ്യണമെന്ന് സഞ്ജീവ് ഖന്നയോട് നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ശേഷം നിയമതിനായ ജസ്റ്റിസാണ് ഖന്ന. വരുന്ന മെയ് 13ന് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ഗവായിയുടെ നിയമനം. മെയ് 14നാകും സത്യപ്രതിജ്ഞ. ജസ്റ്റിസ് കെജി ബാലകൃഷ്ണന് (2007) ശേഷം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ദളിത് ജസ്റ്റിസ് എന്ന നേട്ടവും ബിആർ ഗവായ് സ്വന്തമാക്കും. ആറ് മാസത്തേക്കായിരിക്കും നിയമനം. ഈ വർഷം നവംബറിലാകും വിരമിക്കൽ.
മഹാരാഷ്‌ട്രയിലെ അമ്രാവതി സ്വദേശിയാണ് ഗവായ്. ചരിത്രവിധികൾ പലതും ഗവായ് പ്രഖ്യാപിച്ചിട്ടുണ്ട്. 2016ലെ നോട്ടുനിരോധനം ശരിവച്ചതും ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതും ഇവയിൽ ഉൾപ്പെടുന്നു.















