ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും രജിസ്റ്റർ ചെയ്യാം. 220 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ (SASB) ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ രജിസ്ട്രേഷൻ. രാജ്യത്തുടനീളമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളിൽ ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യമുണ്ട്.
ആറ് ലക്ഷത്തോളം ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ജൂലൈ 3 നാണ് യാത്ര ആരംഭിക്കുക. 39 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് സമാപിക്കും.
അനന്ത്നാഗ് ജില്ലയിലെ പഹൽഗാം, ഗണ്ടേർബാൽ ജില്ലയിലെ ബാൽതാൽ എന്നീ
രണ്ട് പാതകളിലൂടെയായിരിക്കും യാത്ര. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ നടന്ന ശ്രീ അമർനാഥ് ദേവാലയ ബോർഡിന്റെ യോഗത്തിലാണ് ഷെഡ്യൂളിന് അന്തിമരൂപം നൽകിയത്. ഇ-കെവൈസി പരിശോധന, ആർഎഫ്ഐഡി ട്രാക്കിംഗ് കാർഡുകളുടെ വിതരണം, ഓൺ-ദി-സ്പോട്ട് രജിസ്ട്രേഷൻ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. രജിസ്ട്രേഷന് മുമ്പ് ഭക്തർ വൈദ്യപരിശോധനയ്‌ക്ക് നടത്തണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.
മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറടി ഉയരവും അൻപത് അടി ആഴവുമുള്ളതാണ് അമർനാഥ് ഗുഹ. ശ്രാവണമാസത്തിലെ പൗർണമി നാളിൽ ഭഗവാൻ ശിവൻ ഗുഹാ ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിശ്വാസം. അതിനാലാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർത്ഥാടനം നടത്തുന്നത്. മുൻകൂട്ടി പ്രത്യേക അനുമതി ലഭിച്ചവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ അനുമതിയുള്ളൂ.















