ജലൗൺ: ജലദോഷവുമായി വന്ന കുഞ്ഞിന് പുകവലി നിർദേശിച്ച ഡോക്ടർ വെട്ടിൽ. ജലൗണിലെ കുതൗണ്ടിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ഹെൽത്ത് സെന്ററിലെ ഡോ. സുരേഷ് ചന്ദ്രയ്‌ക്കെതിരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഡോക്ടറെ സ്ഥലംമാറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ ഉത്തരവിറക്കി. ഡോക്ടർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
അഞ്ച് വയസുള്ള ബാലനാണ് ജലദോഷത്തെ തുടർന്ന് ഡോ. ചന്ദ്രയെ സമീപിച്ചത്. തുടർന്ന് കുട്ടിയുടെ വായിൽ സിഗരറ്റ് വെക്കുകയും ഇത് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും ചെയ്ത ഡോക്ടർ, കുട്ടിയോട് പുക വലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതോടെ സംഭവത്തിൽ ഇടപെട്ട CMO മാർച്ച് 28ന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അഡീഷണൽ CMO ഡോ. ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.















