ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹര്‍ജികള്‍ പരിഗണിക്കും.ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വഖഫ് സംബന്ധിച്ച് സുപ്രീംകോടതിക്ക് ലഭിച്ച ഹര്‍ജികള്‍ കോടതി ഇന്നലെ പരിഗണിച്ചിരുന്നു.
ഹിന്ദുക്കളുടെ അനന്തരാവകാശം നിയന്ത്രിക്കുന്ന നിയമങ്ങളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 26 മതേതരമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമാണ് നടന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി.
വഖഫ് ഭേഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സംഭവിക്കാന്‍ പാടില്ലാത്തതാണ്, അക്രമങ്ങള്‍ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വഖഫ് സ്വത്തുക്കളുടെ അവകാശത്തില്‍ കലക്‌ടർമാർ അന്വേഷണം ആരംഭിക്കുന്നത് മുതല്‍ അത് വഖഫ് സ്വത്ത് അല്ലാതാകും എന്ന വ്യവസ്ഥയേയും സുപ്രീംകോടതി എതിർത്തിരുന്നു. അന്വേഷണം വഖഫ് സ്വത്ത് സംബന്ധിച്ച കേസിൽ അന്തിമ തീർപ്പ് വരുന്നത് വരെ മാറ്റാനാവില്ല എന്നാണ് കോടതി നിരീക്ഷണം. കേന്ദ്രത്തിന്‍റെ അഭ്യർഥന മാനിച്ചാണ് ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റിയത്.