തിരുവനന്തപുരം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഇന്ന് പൊഴിമുറിക്കും. കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി ഫിഷറീസ് വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലാണ് പൊഴിമുറിക്കാൻ തീരുമാനമായത്. മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകളാണ് വെള്ളത്തിൽ ആവുക. ഇത് മുന്നിൽക്കണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടി.
കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ മുതലാക്കും പൊഴിമുറിച്ച് തുടങ്ങുക. എന്നാൽ ഇത് താൽക്കാലികമായ പരിഹാരം മാത്രമാണെന്നതിനാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
പൊഴി മുറിക്കുന്നതിന് തടസം നിൽക്കുന്നവർക്കെതിരെ
ദുരന്തനിവാരണ നിയമം ചുമത്തി കേസെടുക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. മെയ് 16നകം മുതലപ്പൊഴിയിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചിരുന്നു. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന കരാറിൽ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.