കൊച്ചി: ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്കാണ് ഡാൻസാഫ് സംഘമെത്തിയത്. ലഹരിഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയതായിരുന്നു ഡാൻസാഫ് സംഘം. തുടർന്ന് മൂന്നാം നിലയിലെ മുറിയിൽ താമസിക്കുകയായിരുന്ന ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ജനൽവഴി ഊർന്നിറങ്ങി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഷീറ്റ് പൊട്ടി. ശേഷം സ്വിമ്മിംഗ് പൂളിന്റെ സമീപമുള്ള കോണിപ്പടി വഴി ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തെന്നാണ് വിവരം.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ചെന്ന ആരോപണം ഷൈനിനെതിരെ നേരത്തെ വിൻസി അലോഷ്യസ് ഉന്നയിച്ചിരുന്നു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. സംഭവത്തിൽ ഫിലിം ചേംബറിനും സിനിമാ ഐസിസിക്കും വിൻസി പരാതി നൽകി. ഇതിന് പിന്നാലെയായിരുന്നു ഷൈൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.















