കൊല്ലം : ഹൈക്കോടതി അഭിഭാഷകൻ പി.ജി.മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിലായി.
മനു ഒരു സ്ത്രീയോട് മാപ്പു പറയുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ചിത്രീകരിച്ചത് ജോൺസൺ ആണെന്നാണ് പൊലീസ് ഭാഷ്യം. ഇത് ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞവർഷം നവംബറിലെന്ന് പൊലീസ് പറയുന്നു.
ജോൺസൺ ജോയി ഭാര്യയ്‌ക്കും സഹോദരിക്കും മുന്നിൽവച്ച് മനുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തം ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെ ഇയാൾ വീഡിയോ പ്രചരിപ്പിച്ചു
സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി എന്ന് പൊലീസ് ആരോപിക്കുന്നു.
ജോൺസൺ ഈ വീഡിയോ ഈ മാസം ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കൾക്കും ചില പോലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്.
മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ കൊല്ലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ അഭിഭാഷകനായിരുന്ന മനു, നിയമസഹായം തേടിയെത്തിയ, 2018ൽ നടന്ന പീഡന കേസിൽ ഇരയായ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു. കേസിൽ ജാമ്യത്തിലായിരുന്നു മനു.















