പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ മരിയ കാർമൽ. മകൻ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്നും മരിയ കാർമൽ പറഞ്ഞു.
ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ അമ്മയുടെ പ്രതികരണം പുറത്ത് വന്നത്.
” പരിശോധിക്കാനല്ലേ അവർ വന്നത്. പരിശോധിച്ചിട്ട് അവർക്ക് റൂമിൽ നിന്നും എന്തെങ്കിലും കിട്ടിയോ. അവൻ ഉറങ്ങിക്കിടക്കുകയായിരുന്നു. പൊലീസിന്റെ ഡ്രസിലല്ല അവർ വന്നത്. വലിയൊരു മനുഷ്യനാണ് വന്നത്. റൂം സർവീസിന് വന്നതാണോ അവൻ വിളിച്ച് ചോദിച്ചിട്ടുണ്ട്. പൊലീസാണോ എന്നും ചോദിച്ചു. അല്ലെന്ന് അവർ പറഞ്ഞു. ഉറക്കിത്തിനിടേയല്ലേ അവരെ പെട്ടന്ന് കാണുന്നത്. ഉപദ്രവിക്കുമന്ന് പേടിച്ചിട്ടാണ് അവൻ ഇറങ്ങി ഓടിയത്. അവനെ ഞങ്ങൾക്ക് നന്നായി അറിയാം. അവന് ഭയങ്കര പേടിയാണ്. അവൻ എവിടെയാണ് എന്ന് ഞങ്ങൾക്ക് അറിയില്ല. ഡാർസാഫ് ആണെങ്കിലും പൊലീസ് ആണെങ്കിലും റെയ്ഡ് നടത്തിയിട്ടുണ്ടാവില്ലേ. എന്നിട്ട് അവർക്ക് എന്തെങ്കിലും കിട്ടിയോ എന്ന് ഞങ്ങൾക്ക് അറിയണമെന്നും, ഷൈൻ ടോം ചാക്കോയുടെ അമ്മ പറഞ്ഞു.
കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്കാണ് ഡാൻസാഫ് സംഘമെത്തിയത്. ലഹരിഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയതായിരുന്നു ഡാൻസാഫ് സംഘം. തുടർന്ന് മൂന്നാം നിലയിലെ മുറിയിൽ താമസിക്കുകയായിരുന്ന ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ജനൽവഴി ഊർന്നിറങ്ങി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഷീറ്റ് പൊട്ടി. ശേഷം സ്വിമ്മിംഗ് പൂളിന്റെ സമീപമുള്ള കോണിപ്പടി വഴി ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തെന്നാണ് വിവരം.















