ന്യൂഡെല്‍ഹി: മാസാമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ (എസ്‌ഐപി) കൃത്യമായി നിക്ഷേപിച്ച് മികച്ച വരുമാനമുണ്ടാക്കാവുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. കൃത്യമായി നിക്ഷേപിക്കുക, ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ അനുവര്‍ത്തിക്കേണ്ട വിജയമാര്‍ഗം. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തി നിക്ഷേപിക്കുകയും വേണം. പ്രതിമാസം 10000 രൂപ മാത്രം നിക്ഷേപിച്ച് ഒരു കോടി രൂപ വരെ നേടാനുള്ള അവസരം മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്. ഇത്തരത്തില്‍ 15 വര്‍ഷം കൊണ്ട് മാസം 10000 രൂപ വീതമുള്ള നിക്ഷേപം ഒരു കോടി രൂപയായി വളര്‍ത്തിയ ഒരു മ്യൂച്വല്‍ ഫണ്ടിനെ പരിചയപ്പെടാം… നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍കാപ് ഫണ്ട്.
2010 സെപ്റ്റംബറില്‍ ആരംഭിച്ച ഫണ്ട് നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടം മുതല്‍ മാസം 10000 രൂപ എസ്‌ഐപിയായി ഈ ഫണ്ടില്‍ നിക്ഷേപം നടത്തിയവരുടെ ലാഭം 1 കോടി രൂപ കവിഞ്ഞിരിക്കുന്നു. ശരാശരി 20.31 ശതമാനം വാര്‍ഷിക നേട്ടമാണ് ഇതുവരെ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍കാപ് ഫണ്ട് നല്‍കിയത്. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിനിടയിലും മികച്ച ശരാശരി റിട്ടേണ്‍ ഫണ്ട് നല്‍കിയെന്നാണ് ഇത് കാണിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് സ്‌കീം 0.15% റിട്ടേണാണ് നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 18.30% നേട്ടവും നല്‍കി. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 38.02% റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള കണക്ക് പരിശോധിച്ചാല്‍ 18.33% ആണ് നേട്ടം. 10 വര്‍ഷത്തെ കണക്കെടുത്താല്‍ 22.45 ശതമാനവും.
2010 സെപ്റ്റംബറില്‍ ആരംഭിച്ച ഫണ്ടില്‍ പ്രതിമാസം 10000 രൂപ വെച്ച് നിക്ഷേപിച്ചാല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള 14 വര്‍ഷത്തെ കാലയളവില്‍ ആകെ നിക്ഷേപ തുക 16,80,000 രൂപയാകുമായിരുന്നു. ഇത് അച്ചടക്കമുള്ള നിക്ഷേപ രീതികളിലൂടെ ഫലപ്രദമായി സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഫണ്ടിന്റെ കഴിവിനെ വ്യക്തമാക്കുന്നു. ശരാശരി 23 ശതമാനം വളര്‍ച്ച കണക്കാക്കിയാല്‍ 1,00,22,335 രൂപയിലേക്ക് ഈ നിക്ഷേപം ഇപ്പോള്‍ വളര്‍ന്നേനെ.
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ വിജയത്തിന് അടിസ്ഥാനം അതിന്റെ സമഗ്ര നിക്ഷേപ തന്ത്രവും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റുമാണ്. 2025 മാര്‍ച്ച് 31 വരെ, ഫണ്ട് ഏകദേശം 55,491 കോടി രൂപയുടെ ആസ്തികള്‍ ശേഖരിച്ചു. ഓഹരി നിക്ഷേപത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ട്, പോര്‍ട്ട്ഫോളിയോയുടെ 94.79 ശതമാനവും ഓഹരികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. 3.17 ശതമാനം ഡെറ്റ് സെക്യൂരിറ്റികളിലും 2.04 ശതമാനം പണമായും നിക്ഷേപിക്കുന്നു. ആഗോള സംഭവങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടങ്ങളില്‍ പോലും, വ്യാപാര നയങ്ങളിലെ ചാഞ്ചാട്ടങ്ങളില്‍ പോലും, അപകടസാധ്യതകള്‍ ലഘൂകരിക്കാനും വളര്‍ച്ചാ അവസരങ്ങള്‍ മുതലെടുക്കാനും ഈ തന്ത്രപരമായ വിഹിതം ഫണ്ടിനെ പ്രാപ്തമാക്കി.
ഇതൊക്കെയാണെങ്കിലും ഭൂതകാല നേട്ടങ്ങള്‍ ഭാവിയിലും ലഭിക്കുമെന്ന് മ്യൂച്വല്‍ ഫണ്ടുകള്‍ അവകാശപ്പെടുന്നില്ല. അതുകൊണ്ട് നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ജാഗ്രതയോടെയും പഠനങ്ങള്‍ നടത്തിയ ശേഷവും മാത്രം നിക്ഷേപിക്കുക.















