പത്തനംതിട്ട: ശബരിമലയിലെത്തി അയ്യനെ വണങ്ങി തമിഴ് നടന്മാരായ കാർത്തിയും രവി മോഹനും. കഴിഞ്ഞ ദിവസം ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും സന്നിധാനത്തെത്തിയത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇരുവരും ശബരിമലയിലേക്ക് യാത്ര തുടങ്ങിയത്.
കന്നി അയ്യപ്പനായാണ് കാർത്തി മലചവിട്ടിയത്. പത്ത് തവണയിലധികം ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഓരോ തവണ എത്തുമ്പോഴും പുതിയ അനുഭവമാണ് ഉണ്ടാകുന്നതെന്നും രവി മോഹൻ ജനംടിവിയോട് പറഞ്ഞു.
“2015-മുതൽ എല്ലാ വർഷവും ദർശനം നടത്താറുണ്ട്. മകരസംക്രാന്തിക്ക് എത്തി മകരവിളക്ക് ദർശിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. എല്ലാ വർഷവും വരണമെന്ന് ആഗ്രഹമുണ്ട്. അയ്യപ്പസ്വാമി എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. എനിക്ക് സാധിക്കുന്ന കാലത്തോളം എല്ലാ വർഷവും ഉറപ്പായും ശബരിമലയിൽ എത്തുമെന്നും” രവി മോഹൻ പറഞ്ഞു.
ഹരിവരസാനം കേൾക്കുമ്പോൾ ദർശനം നടത്താൻ സാധിച്ചത് സൗഭാഗ്യമാണെന്ന് കാർത്തി പ്രതികരിച്ചു. എല്ലാ വർഷവും വരണമെന്ന് തോന്നുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇനി മകരജ്യോതി കാണാൻ വരണമെന്നാണ് ആഗ്രഹമെന്നും കാർത്തി പറഞ്ഞു.















