കൊൽക്കത്ത: കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ സാമാധാനം പുനഃസ്ഥാപിക്കാനായി വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുർഷിദാബാദിലേക്ക് പോകുന്നതിന് മുന്നോടിയായി ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
“ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് മുർഷിദാബാദിൽ നടന്നത്. ഇത്തരം സംഭവങ്ങൾ ഒരിക്കലും എവിടെയും നടക്കാൻ പാടില്ല. രാജ്യത്തെ എവിടെയും ഇതുപോലെയുള്ള അക്രമങ്ങൾ നടക്കരുത്. അക്രമസ്ഥലത്ത് നേരിട്ട് പോയി വിശദവിവരങ്ങൾ അന്വേഷിക്കും. മുർഷിദാബാദിൽ സമാധാനം തിരിച്ചുകൊണ്ടുവരണം. ഗവർണർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം നിറവേറ്റിയേ തീരു. പ്രഭാതത്തിന് മുമ്പായുള്ള ഇരുണ്ട മണിക്കൂറുകളാണിതെന്നും” സിവി ആനന്ദ ബോസ് പറഞ്ഞു.
മുർഷിദാബാദിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വിശദവിവരങ്ങൾക്കായി വനിത കമ്മീഷന്റെ പ്രത്യേക സംഘം മുർഷിദാബാദ് സന്ദർശിച്ച് പീഡനത്തിനിരയായ സ്ത്രീകളുമായി സംസാരിക്കും.
മുർഷിദാബാദിലെ പ്രതിഷേധം നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന നിയമ സേവന അതോറിറ്റി എന്നിവയിലുള്ള ഓരോ അംഗങ്ങൾ ഉൾപ്പെടുന്ന മൂന്നംഗ പാനൽ മുർഷിദാബാദ് സന്ദർശിച്ച് വിശദാന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.