ഹൈദരാബാദ് : മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി കണ്ടു കെട്ടിയിട്ടുണ്ട്. ഡാൽമിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമി ആണ് കണ്ടുകെട്ടിയത് . 2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിന് ശേഷം ഇഡി നടപടി.
ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്‍റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്‍റ്സ്, രഘുറാം സിമന്‍റ്സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്‍റ്സ് നിക്ഷേപം നടത്തിയിരുന്നു. വൈഎസ് ജഗൻ മോഹൻ റെഡ്ഡി പ്രതിനിധീകരിക്കുന്ന രഘുറാം സിമന്റ്സ് ലിമിറ്റഡിൽ ഡിസിബിഎൽ 95 കോടി നിക്ഷേപിച്ചതായി സിബിഐയും ഇഡിയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ‘ക്വിഡ് പ്രോ ക്വോ’ ഇടപാടിന്റെ ഭാഗമായി, തന്റെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മേലുള്ള സ്വാധീനം ഉപയോഗിച്ച്, കടപ്പ ജില്ലയിലെ 407 ഹെക്ടർ സ്ഥലത്തിന്റെ ഖനന പാട്ടക്കരാർ ഡിസിബിഎല്ലിനു നൽകാനും കൈമാറ്റം ചെയ്യാനും ജഗൻ സഹായിച്ചു സിബിഐയും ഇഡിയും കണ്ടെത്തിയത്.
ജഗൻ മോഹൻ റെഡ്ഡിയും ഡിസിബിഎല്ലിലെ പുനീത് ഡാൽമിയയും തമ്മിലുള്ള കരാർ പ്രകാരം, രഘുറാം സിമന്റ്സ് ലിമിറ്റഡിലെ തങ്ങളുടെ ഓഹരികൾ 135 കോടി രൂപയ്‌ക്ക് PARFICIM എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റുവെന്നും അതിൽ 55 കോടി രൂപ 2010 മെയ് 16 നും 2011 ജൂൺ 13 നും ഇടയിൽ ഹവാല മാർഗങ്ങളിലൂടെ ജഗന് പണമായി നൽകിയെന്നും ഇഡിയും സിബിഐയും കണ്ടെത്തി.
ഡിസിബിഎൽ വിൽപ്പനയിൽ നിന്ന് ലഭിച്ച തുക ഹവാല വഴി ജഗന് പണമായി തിരികെ നൽകിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയത്. മൊത്തം ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ഇതിന്‍റെ ഭാഗമായാണ് 14 വർഷത്തിന് ശേഷം ഇപ്പോൾ ഓഹരികളും ഭൂമിയും പിടിച്ചെടുത്തിരിക്കുന്നത്.















