ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊന്നു. സമുദായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന ദിനാജ്പൂർ സ്വദേശി ഭബേഷ് ചന്ദ്ര റോയിയെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവ ദിവസം വൈകീട്ട് 4:30 ഓടെ ഭബേഷിന് ഒരു ഫോൺ കോൾ ലഭിക്കുകയും അരമണിക്കൂറിനുശേഷം രണ്ട് മോട്ടോർ സൈക്കിളുകളിലായി അക്രമി സംഘമെത്തി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നെന് ഭാര്യ പറയുന്നു. ഭബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പിക്കാനായി അക്രമികൾ തന്നെയാണ് ഫോൺ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഭബേഷിനെ നരബാരി ഗ്രാമത്തിലേക്കാണ് കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇവിടെ വച്ച് ഇയാളെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും അബോധാവസ്ഥയിലായതോടെ ഭബേഷിനെ ഒരു വാനിൽ കയറ്റി വീടിന് സമീപത്തായി ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. കുടുംബാംഗങ്ങൾ ഭബേഷിനെ ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കേസെടുക്കാതിരിക്കാനും അന്വേഷണം ബോധപൂർവം വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താനുമാണ് പൊലീസിന്റെ ശ്രമമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.