തിരുവനന്തപുരം: കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് പാട്ട വ്യവസ്ഥയിൽ നൽകിയ വകയിൽ സ്റ്റേഡിയം കരാറുകാർ 82 കോടി രൂപ പാട്ട കുടിശ്ശികയായി സർവ്വകലാശാലയ്‌ക്ക് നൽകാനുണ്ടെന്ന് വിവരാവകാശ രേഖ. കേരള വിസി ചെയർമാനായി സ്റ്റേഡിയം മേൽനോട്ട കമ്മിറ്റിയുണ്ടെങ്കിലും പാട്ടകുടിശ്ശിക ഈടാക്കുന്നതിൽ നിസ്സംഗത പാലിക്കുന്നതായി ആക്ഷേപമുണ്ട്.
കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജൻസിയും, സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഗെയിംസ് സെക്രട്ടറിയേറ്റുമായാണ് സർവകലാശാല കരാറിൽ ഒപ്പുവച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെമാത്രം പരിപാലന ചുമതല ക്രിക്കറ്റ് അസോസിയേഷന് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തോട് അനുബന്ധമായി സിനിമാ തിയേറ്ററുകൾ, റസ്റ്റോറൻറ്, സ്വിമ്മിംഗ് പൂൾ,കോൺഫറൻസ് ഹാളുകൾ, വിവാഹങ്ങൾ നടത്താൻ സൗകര്യമുള്ള ഓഡിറ്റോറിയം, ഐടി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്.
2010 ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് സ്റ്റേഡിയത്തിന് ഭൂമി കൈമാറാൻ തീരുമാനിച്ചത്. 2012 ൽ ഉമ്മൻചാണ്ടി സർക്കാർ ഭൂമി പാട്ടവ്യവസ്ഥയിലാണ് കൈമാറേണ്ടതെന്ന് തീരുമാനിച്ചു. ആറുകോടി രൂപ മാത്രമാണ് പാട്ടതുകയായി സർവ്വകലാശാലയ്‌ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.രാഷ്‌ട്രീയസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പാട്ടത്തുക വാങ്ങാതെ കഴിഞ്ഞ 10 വർഷമായി സ്റ്റേഡിയം പ്രവർത്തിക്കാൻ അനുവദിച്ചതെന്ന് ആക്ഷേപമുണ്ട്.
15 വർഷ പാട്ട കാലാവധിക്കാണ് സർവകലാശാലഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് കൈ മാറിയത്. 15 വർഷം കഴിഞ്ഞാൽ സ്റ്റേഡിയം സർവകലാശാല നേരിട്ട് നടത്തുകയോ കരാർ പുതുക്കി നൽകു കയോ ചെയ്യാനാവും. പാട്ടകുടിശ്ശിക നൽകാതെ സ്റ്റേഡിയം പ്രവർത്തിക്കുന്നതായി സർക്കാരിന്റെ കായിക വകുപ്പിന് ബോധമുള്ളപ്പോഴാണ്, കാലിക്കറ്റ് സർവകലാശാലയോടും സമാനമായി സ്റ്റേഡിയം നിർമ്മാണത്തിന് 40 ഏക്കർ ഭൂമി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.















