കൊച്ചി: ചോദ്യം ചെയ്യലിൽ രാസലഹരി ഉപയോഗം സമ്മതിച്ച് നടൻ ഷൈൻ ടോം ചാക്കോ. മെത്തഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസ് പരിശോധനയ്‌ക്ക് എത്തുന്ന ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഷൈൻ പറഞ്ഞതായാണ് വിവരം. ആദ്യം ചോദ്യം ചെയ്യലുമായി ഷൈൻ സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
അച്ഛൻ ഇടപെട്ട് തന്നെ കൂത്താട്ടുകുളത്തെ ഡി അഡിക്ഷൻ സെന്ററിലാക്കിയിട്ടുണ്ട്. എന്നാൽ 12 ദിവസത്തിന് ശേഷം ചികിത്സ മതിയാക്കി തിരിച്ച് വന്നുവെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ഡാർസാഫ് സംഘം അന്വേഷിച്ചെത്തിയ സജീറിനെ തനിക്ക് അറിയാം. പരിശോധന നടത്തിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ബന്ധമുണ്ടെന്നും ഷൈൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ലഹരി കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം നോർത്ത് പൊലീസ് സ്‍റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. NDPS നിയമത്തിലെ സെക്ഷൻ 27,29 ആക്ട് പ്രകാരമാണ് കേസ്.എന്നാൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.















