സിനിമാസെറ്റിൽ സ്ത്രീകൾ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി പറയുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ വിവാദ പരാമർശം.
നടി വിൻസി അലോഷ്യസ് സിനിമാ സെറ്റിൽ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാർവതിയുടെ പരാമർശം. നടിയുടെ വാക്കുകൾ:
സിനിമയിൽ ആളുകൾ പറയുന്ന കളിതമാശ പോലും.. ബ്ലൗസ് ഒന്നുശരിയാക്കാൻ പോകുമ്പോൾ ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്ട്രെസ് ആയി, എല്ലാം അങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്ന് പറഞ്ഞാപോരെ.. ഇതൊക്കെ വലിയ വിഷമായി മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കിൽ ഈ മേഖലയിൽ സ്ത്രീകൾക്ക് നിലനിൽക്കാനേ സാധിക്കില്ല. റോഡ് മുറിച്ചുകടക്കുമ്പോൾ ലോറിയും ബസുമൊക്കെ തട്ടാതെ എങ്ങനെയാണോ നമ്മൾ എതിർവശത്തേക്ക് എത്തുന്നത് പോലെ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കണം. ലോറി വരുന്നുവെന്ന പേരിൽ റോഡിലിറങ്ങി നടക്കാതിരുന്നാൽ ആർക്കാണ് നഷ്ടം?
സ്ത്രീകൾ ജോലി ചെയ്യുമ്പോൾ സ്ത്രീകളുടെ പ്രത്യേകത വച്ചിട്ട്, ആളുകൾ പലതും ചോദിക്കും. കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ട് നമ്മൾ വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും. ഇത് മാനേജ് ചെയ്യാൻ പഠിക്കണം. പ്രതികരിക്കാം, പക്ഷെ വഴക്കിടാതെ തന്നെ പ്രതികരിക്കാമല്ലോ? അതൊരു ഒരു സ്കിൽ ആണ്. – മാലാ പാർവതി പറയുന്നു.
Leave a Comment