തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ആസ്വാദന കുറിപ്പ് എഴുതാൻ ചലച്ചിത്ര അക്കാദമി നൽകിയത് ഭീതി ജനിപ്പിക്കുന്ന വീഡിയോ. പ്രശസ്ത സംവിധായകന്റെ ഷോട്ട് ഫിലിമിൽ നിന്നുള്ള വയലൻസ് നിറഞ്ഞ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് ഹൈസ്ക്കൂൾ ക്ലാസിലെ കുട്ടികൾക്ക് നൽകിയത്.
മുതിർന്നവർക്ക് പോലും മാനസിക ബുദ്ധിമുട്ടാക്കുന്ന വീഡിയോ ചലച്ചിത്ര അക്കാദമിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ഒരാൾ ഷെവ് ചെയ്യുന്നതാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ഷേവ് ആഴത്തിലാകുകയും കഴുത്തിൽ നിന്നും മാംസം അടർന്ന് ചോര ഒലിച്ച് താഴേക്ക് വീഴുന്നതും കാണാം. പല തരത്തിൽ വ്യാഖാനിക്കാൻ സാധിക്കുന്ന ഹ്രസ്വ ചിത്രം എന്ന തരത്തിലാണ് കുട്ടികളോട് ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ 70 കുട്ടികൾക്ക് ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും പോസ്റ്റിൽ പറയുന്നു. മെയ് 2-4 വരെ തിരുവനന്തപുരത്താണ് കുട്ടികളുടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല നടക്കുന്നത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ളവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
കുട്ടികളിൽ വയലൻസ് കുത്തിവെക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ നീക്കത്തിനെതിരെ രക്ഷിതാക്കൾ തന്നെ രംഗത്ത് വന്നു. സംഭവം വിവാദമായതോടെ വീഡിയോ നീക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.















