ഫെമിനിസമെന്ന കാഴ്ചപ്പാടിന്റെ പ്രസക്തിയെക്കുറിച്ച് പ്രതികരിക്കുകയാണ് നടി അഖില ശശിധരൻ. സ്ത്രൈണപരമായ ഗുണങ്ങൾ ഓരോ മനുഷ്യനിലും പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ പങ്കുവച്ചു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഖിലയുടെ വാക്കുകൾ.
ഫെമിനിസമെന്നത് ഒറ്റയൊരു ബ്രാക്കറ്റിൽ ഇടാൻ കഴിയുന്ന ഐഡിയോളജിയോ കാഴ്ചപ്പാടോ അല്ല. സ്ത്രീക്ക് സ്ത്രീയുടേതായ ഒരുപാട് ഗുണങ്ങളുണ്ട്. മൂല്യങ്ങളുണ്ട്. സ്ത്രീയുടേതായ പ്രകൃതമുണ്ട്. സ്ത്രീസഹജമായ ആ ഗുണങ്ങൾ ഓരോ മനുഷ്യരിലും ഉണ്ടാകേണ്ടതാണ്. ഓരോരുത്തരിലും അത് പരിപോഷിപ്പിക്കണം.
തുല്യ അവസരങ്ങൾ, തുല്യ വേതനം ഇതെല്ലാം ഇവിടെ ഉണ്ടാകേണ്ടതാണ്. ഫെമിനസമെന്നത് സമത്വമെന്ന കാഴ്ചപ്പാടിലാണെങ്കിൽ അത് തീർച്ചയായും ഇവിടെയുണ്ടാകണം. അതിൽ തർക്കമില്ല.
ഫെമിനിസമോ സമത്വമോ മുന്നോട്ടുവെക്കുന്ന ആശയം സ്ത്രീയുടെയും പുരുഷന്റെയും ശാരീരികക്ഷമത ഒന്നാണെന്നതല്ല. ശക്തി എന്നത് ശരീരത്തിന് മാത്രമുണ്ടാകുന്നതല്ലല്ലോ. മാനസികമായ ബലവും ബൗദ്ധികപരമായ ശക്തിയും നമുക്ക് വേണം. ശിവശക്തി സങ്കൽപ്പത്തെക്കുറിച്ച് നോക്കിയാൽ, ഓരോ വ്യക്തിയിലും സ്ത്രൈണതയും പൗരുഷവുമുണ്ട്. ഇതിന്റെയൊരു ബാലൻസ് വരുമ്പോഴാണ് നാം പൂർണ മനുഷ്യനായി മാറുന്നത് എന്നുള്ളത് ഭാരതത്തിന്റെ കാഴ്ചപ്പാട്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ പൈതൃകവും സംസ്കാരവും എന്തായിരുന്നുവെന്ന് കൂടി നാം ഓർക്കണം. ഇവിടെ എങ്ങനെയുള്ള സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത് എന്ന് നാം അന്വേഷിക്കണം. അഹല്യബായി ഹോൾക്കർ, നായികി ദേവി എന്നിവരെല്ലാം നമുക്കുണ്ടായിരുന്നു. പക്ഷെ ഇവരെയൊന്നും നാം പഠിക്കുന്നില്ല. ഇങ്ങനെയുള്ള ശക്തരായ സ്ത്രീകൾ ഇവിടെയുണ്ടായിരുന്നുവെന്ന് പോലും ആരും അറിയുന്നില്ല.
നമ്മുടെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും തിരിഞ്ഞുനോക്കണം. തെറ്റുകൾ നമുക്കും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആധുനിക സമൂഹത്തിന് അനുയോജ്യമായ, മാതൃകയാക്കാവുന്ന നിരവധി വ്യക്തിത്വങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും നമുക്കുണ്ട്. പാശ്ചാത്യരെയും പാശ്ചാത്യരീതികളെയും എല്ലായ്പ്പോഴും അതേപടി അനുകരിക്കേണ്ടതില്ല. അത് അവരുടെ പൈതൃകവും സംസ്കാരവുമാണ്. –അഖില പറഞ്ഞു.















