ലൈംഗികാതിക്രമ പരാതികളെ നിസാരവത്കരിച്ച നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസാരവാദിയാണെന്ന് നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. എന്തിനാണ് ഇത്തരം ആളുകളെ പിന്തുണയ്‌ക്കുന്നതെന്ന് രഞ്ജിനി ചോദിച്ചു.
‘മാലാ പാർവതിയെ ഓർത്ത് ലജ്ജിക്കുന്നു! നിങ്ങൾ ഒരു സൈക്കോളജിസ്റ്റും വക്കീലുമല്ലേ, എന്നിട്ടും നിങ്ങൾ കുറ്റവാളികളെ പിന്തുണയ്‌ക്കുന്നു. നിങ്ങൾ അവസാരവാദിയാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. വളരെ ദുഖമുണ്ട്, എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ല, രഞ്ജിനി പറഞ്ഞു.
നടൻ ഷൈൻ ടോം ചാക്കോയിൽ നിന്നും നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാർവതിയുടെ
വിവാദ പരാമർശം. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സ്ത്രീകളുടെ പ്രത്യേകത വച്ചിട്ട്, ആളുകൾ പലതും ചോദിക്കും. കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ചോദിക്കും. അത് അവരുടെ ആവശ്യമാണ്. അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ട് നമ്മൾ വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും. ഇത് മാനേജ് ചെയ്യാൻ പഠിക്കണം. പ്രതികരിക്കാം, പക്ഷെ വഴക്കിടാതെ തന്നെ പ്രതികരിക്കാമല്ലോ? അതൊരു ഒരു സ്കിൽ ആണ്. – ഇതായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.















