നിതംബത്തിൽ ചെയ്ത കോസ്മറ്റിക് സർജറി പാളിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. സർജറിക്ക് നേതൃത്വം നൽകിയ വ്യക്തിക്ക് ലൈസൻസില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.
ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിൽ യുവതിയുടെ വീട്ടിൽ മാർച്ച് 28നായിരുന്നു സർജറി. നിതംബത്തിന് വലിപ്പം തോന്നിക്കാൻ നേരത്തെ യുവതി സർജറി ചെയ്തിരുന്നു. പിന്നീട് ഇത് എടുത്തുമാറ്റാൻ തീരുമാനിച്ചു. തുടർന്ന് ശരീരത്തിൽ കുത്തിവച്ചത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയായിരുന്നു മാർച്ച് 28ന് നടന്നത്. ഇതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും ഏപ്രിൽ 11ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
38-കാരനായ ഫിലിപ്പ് ഹോയോസ് ആണ് സർജറി ചെയ്തത്. സിറിഞ്ച് മുഖേന കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും കാര്യമുണ്ടായില്ല. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിന്നുവെന്നും യുവതി അതിജീവിക്കാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. വൈകാതെ തന്നെ യുവതി മരിക്കുകയും ചെയ്തു. രണ്ട് ചെറിയ കുട്ടികളുടെ അമ്മ കൂടിയാണ് യുവതി.
സംഭവത്തിന് പിന്നാലെ രാജ്യം വിടാൻ ശ്രമിച്ച ഫിലിപ്പിനെ കെന്നഡി എയർപോർട്ടിൽ നിന്നാണ് അധികൃതർ പിടികൂടിയത്. ലൈസൻസില്ലാതെ മെഡിസിൻ പ്രാക്ടീസ് ചെയ്തതിനുൾപ്പടെ ഇയാൾക്കെതിരെ കേസെടുത്തു.















