ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് വാൻസിന്റെ മക്കൾ ക്ഷേത്രത്തിൽ എത്തിയത്. കുർത്തയും പാൻുമായിരുന്നു ആൺമക്കളുടെ വേഷം. വാൻസിനും കുടുംബത്തിനുമൊപ്പം യുഎസ് സർക്കാരിന്റെ പ്രതിനിധിസംഘവും ക്ഷേത്രദർശനം നടത്തി.
യുഎസ് പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സുരക്ഷയ്‌ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ക്ഷേത്രത്തിലെ വാസ്തുവിദ്യാ ശിൽപങ്ങളും കുടുംബത്തോടൊപ്പം വാൻസ് ആസ്വദിച്ചു.
രാവിലെ പത്ത് മണിയോടെയാണ് വാൻസും കുടുംബവും ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഹസ്തദാനം നൽകി വാൻസിനെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ഇന്ത്യൻ കരകൗശല വസ്തുക്കളുടെ ഷോപ്പിംഗ് കോംപ്ലക്സ് സന്ദർശിക്കും. വൈകുന്നരം പ്രധാനമന്ത്രിയെ സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പിന്നീട് ജയ്പൂരിലേക്ക് ആഗ്രയിലേക്കും യാത്ര തിരിക്കും. നാല് ദിവസത്തെ സന്ദർശനമാണ് പദ്ധതിയിട്ടിരിക്കുന്നത്.