വാഷിംഗ്ടൺ: വീണ്ടും വിദേശമണ്ണിൽ ഭാരതത്തെ അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ. അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും നടപടികളെയും അപകീർത്തിപ്പെടുത്തിയുള്ള പ്രസ്താവനയാണ് രാഹുൽ നടത്തിയത്. ഭാരതത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നുവെന്നായിരുന്നു പരാമർശം. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയാൽ കമ്മീഷനെയും വോട്ടിംഗ് യന്ത്രത്തെയും കുറ്റപ്പെടുത്തുക എന്ന കോൺഗ്രസിന്റെ സ്ഥിരം ശൈലി രാഹുൽ യുഎസിലും പ്രയോഗിക്കുകയായിരുന്നു.
ഏറ്റവും കുറ്റമറ്റരീതിയിൽ ജനധിപത്യ പ്രക്രിയ പൂർത്തിയാക്കുന്ന രാജ്യമാണ് ഭാരതം. ലോകരാജ്യങ്ങൾ ഭാരതത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അഭിനന്ദിക്കുയും ഇതിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യം നിലനിൽക്കേയാണ് രാഹുലിന്റെ രാജ്യവിരുദ്ധ മനോഭാവവും വിദേശമണ്ണിലെ പ്രസ്താവനയും ചർച്ചയാകുന്നത്.
ഇതാദ്യമായല്ല വിദേശ വേദിയിൽ ഭാരതത്തെ അപമാനിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തുന്നത്. നേരത്തെ യുഎസിലെ ടെക്സാസ് യൂണിവേഴിസ്റ്റിയിൽ നടന്ന പരിപാടിയിൽ രാജ്യം സാമ്പത്തിക മേഖലയിലും ഉൽപ്പാദന രംഗത്തും പരാജയമാണെന്ന രാഹുലിന്റെ പരാമർശം വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് ലോകം അംഗീകരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ. മുൻപ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഭാരതത്തിൽ ജനാധിപത്യം തകർന്നുവെന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്.