ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് തിങ്കളാഴ്ച പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രിയെ ഒരു “മഹാനായ നേതാവ്” എന്ന് അഭിസംബോധന ചെയ്ത വാൻസ് തന്റെ കുടുംബത്തിന് ആതിഥേയത്വം വഹിച്ചതിന് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.
“ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയായി തോന്നി. അദ്ദേഹം ഒരു മികച്ച നേതാവാണ്, എന്റെ കുടുംബത്തോട് അദ്ദേഹം അവിശ്വസനീയമാംവിധം ദയാലുവായിരുന്നു.
ഇന്ത്യയിലെ ജനങ്ങളുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ജെഡി വാൻസ് എക്‌സിൽ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും വാൻസ് പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ പരസ്പരം പ്രയോജനകരമായ സഹകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് വാൻസുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ്, പിന്നീട് ജയ്പൂരിൽ എത്തി. ഏപ്രിൽ 23 ന് വാൻസ് ആഗ്ര സന്ദർശിക്കും. ഏപ്രിൽ 24 ന് രാവിലെ 6:40 ന് ഇന്ത്യയിൽ നിന്ന് അദ്ദേഹം മടങ്ങിപ്പോകും. ഈ വർഷമാദ്യം വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഈ സന്ദർശനം.















