എറണാകുളം: സിനിമാസെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന ഐസി യോഗത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി. വിൻസിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് യോഗം ചേർന്നത്. യോഗത്തിൽ ഷൈൻ ടോം ചാക്കോയും വിൻസിയും പങ്കെടുത്തിരുന്നു. ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പ് നൽകികൊണ്ട് ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹാളിലായിരുന്നു ഐസി യോഗം.
താൻ മനഃപൂർവ്വം തെറ്റൊന്നും ചെയ്തിട്ടെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. തന്റെ പെരുമാറ്റം മോശമായെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ഷൈനിനെയും വിൻസിയെയും പ്രത്യേകം വിളിച്ചും ഐസി സംസാരിച്ചു. നിയമപരമായി മുന്നോട്ട് പോകാൻ തനിക്ക് താത്പര്യമില്ലെന്നും വിഷയം സംഘടനക്കുള്ളിൽ പരിഹരിക്കണമെന്നും വിൻസി നിലപാട് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ഫിലിം ചേമ്പറിനും ഇന്റേണൽ കമ്മിറ്റിക്കുമാണ് വിൻസി പരാതി നൽകിയത്. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിൽ വിൻസി അതൃപ്തി പ്രകടിപ്പിച്ചു. നടന്റെ പേര് സംഘടന പുറത്തുവിട്ടത് വിശ്വാസവഞ്ചനയാണെന്നും അത് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും വിൻസി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.















