ഒരു അസുഖത്തിന് കഴിക്കുന്ന മരുന്നുകളും ഗുളികകളും മറ്റൊരു അസുഖത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലുകൾ നാം കേട്ടിട്ടുണ്ട്. തെല്ലും പാർശ്വഫലങ്ങൾ ഉണ്ടാകാതെ രണ്ട് അസുഖങ്ങൾക്കും ഉപയോഗകരമാകുന്ന അനേകം മരുന്നുകളെ കുറിച്ച് ഗവേഷകർ പഠനം നടത്താറുണ്ട്. അത്തരത്തിലൊരു പഠനമാണ് ആരോഗ്യമേഖലയിൽ ശ്രദ്ധേയമാകുന്നത്. മൂത്രാശയ അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ലൈംഗികരോഗത്തിന് ഉത്തമമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണ്ടെത്തൽ.
ലൈംഗികരോഗമായ ഗൊണോറിയയ്‌ക്കാണ് മൂത്രാശയ അണുബാധയെ ചികിത്സിക്കാൻ നൽകുന്ന ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. ഗൊണോറിയ പിടിപ്പെട്ട 628 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. മൂത്രാശയ അണുബാധയ്‌ക്ക് നൽകുന്ന മരുന്നാണ് ജെപോറ്റിഡാസിൻ. ഇത് കഴിച്ചവരിൽ 93 ശതമാനം ആളുകൾക്കും ഗൊണോറിയ ഭേദമായി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളിൽ ഏറ്റവുമധികം ഫലപ്രദമായ മരുന്നാണിത്. മരുന്ന് കഴിച്ചവരിൽ ചിലർക്ക് ഓക്കാനവും വയറിളക്കവും അനുഭവപ്പെട്ടു. എന്നാൽ ജെപോറ്റിഡാസിന്റെ ഉപയോഗത്തിൽ കരുതൽ ആവശ്യമാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗത്തെയാണ് ഗൊണോറിയ എന്ന് വിളിക്കുന്നത്. യോനീസ്രവത്തിലൂടെയും ശുക്ലത്തിലൂടെയുമാണ് രോഗം പകരുന്നത്. ഒരു തരത്തിലുള്ള ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്.















