ശ്രീനഗർ: ഹിന്ദുക്കളെ മാത്രം തിരഞ്ഞ് ഭീകരൻ തോക്കുമായെത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്നവര്‍ ചൊല്ലിയ ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ ചൊല്ലിയതിനാൽ ജീവൻ രക്ഷപെട്ട ആശ്വാസത്തിലാണ് അസം സ്വദേശിയായ അധ്യാപകൻ ദേബാശീഷ് ഭട്ടാചാര്യ. ഇസ്ലാമിക വിശ്വാസപ്രഖ്യാപനത്തിനായി ഉപയോഗിക്കുന്ന അറബി വാക്യമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്…’എന്നത്. ഇതിനെ കലിമ എന്നാണ് മത വിശ്വാസികൾ വിളിക്കുക. പഹല്ഗാമിൽ ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദികൾ തങ്ങളുടെ ഇരകൾ മുസ്ലീമല്ല എന്നുറപ്പിക്കുവാൻ അവരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടതായി വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
താനും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ ജമ്മു കശ്മീരിലേക്ക് പോയെതെന്നും ചൊവ്വാഴ്ച നൂറുകണക്കിന് വിനോദസഞ്ചാരികളോടൊപ്പം ബൈസാരണിലെ മനോഹരമായ കുന്നിൻ മുകളിലെ പുൽമേടിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് വെടിയൊച്ച കേട്ടതെന്നും ഭട്ടാചാര്യ പറയുന്നു. വനംവകുപ്പിൽ നിന്നുള്ള ആരോ വന്യജീവികളെ ഭയപ്പെടുത്താൻ വെടിയുതിർത്തതാണെന്നാണ് അവർ കരുതിയത്.
“ഞങ്ങളുടെ അടുത്തേക്ക് തോക്കുമായി ഒരാൾ നടന്നു വരുന്നത് ഞാനും എന്റെ കുടുംബവും കണ്ടു, അയാൾ വനം വകുപ്പിൽ നിന്നുള്ളയാളാണെന്ന് ഞാൻ കരുതി. കറുത്ത മുഖംമൂടിയും കറുത്ത തൊപ്പിയും ധരിച്ച അയാൾ ഒരു ദമ്പതികളുമായി സംസാരിച്ചുകൊണ്ടിരുന്നു. തുടർന്ന് അയാൾ അതിലെ ഭർത്താവിനെ വെടിവച്ചു. എന്റെ കുടുംബവും ഞാനും മറ്റ് ചിലരും ഓടി ഒരു മരത്തിനടിയിൽ ഒളിച്ചു. അക്രമി ഞങ്ങളുടെ അടുത്തേക്ക് നടന്നു, എന്റെ ഒരു കൈ മാത്രം അകലെ മറ്റൊരാളെ വെടിവച്ചു,” ദേബാശീഷ് ഞെട്ടലോടെ ഓര്‍ക്കുന്നു.
“എന്റെ ചുറ്റും കിടന്നവരെല്ലാം മരണഭയത്തോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ (‘ കലിമ’ ) ചൊല്ലിത്തുടങ്ങി. ഭയന്നുവിറച്ച ഞാനും കുടുംബവും അവരോടൊപ്പം അതേറ്റുചൊല്ലി. കൂട്ടത്തില്‍കൂടുന്ന ഒരു പരിപാടിയായിരുന്നു അത്. എന്റെ ചുറ്റുമുള്ളവര്‍ ചെയ്യുന്നത് ഞാനും യാന്ത്രികമായി ചെയ്തു. അത് എന്റെ ജീവൻ രക്ഷിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. പക്ഷേ, എന്റെ തലയ്‌ക്കുനേരെ തോക്കുചൂണ്ടിയ ഭീകരന്‍ ഞാന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ ചൊല്ലുന്നത് കേട്ട് തിരിച്ചുനടന്നു. ഇതുകേട്ട് ഭീകരര്‍ എന്നെയും കുടുംബത്തെയും കൊല്ലാതെ വിടുകയായിരുന്നു. ഞങ്ങളുടെ കണ്‍മുന്നിലാണ് നാലുഭീകരര്‍ ചേര്‍ന്ന് വെടിയുതിര്‍ത്തുകൊണ്ടിരുന്നത്”, ദേബാശീഷ് പറയുന്നു.
ഭീകരര്‍ തോക്കുമായി അടുത്തെത്തിയപ്പോള്‍ മരിച്ചു എന്ന് ഉറപ്പിച്ചതാണെന്നും,കൂടെ ഉണ്ടായിരുന്നവര്‍ ചൊല്ലിക്കൊണ്ടിരുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്…’ പ്രാര്‍ഥന ഞങ്ങളും ഉരുവിട്ടതു കൊണ്ടാണ് അവർ കൊല്ലാതെ വിട്ടതെന്നും ദേബാശീഷ് ഉറപ്പിച്ചു പറയുന്നു. ഭീകരര്‍ ഗേറ്റ് കടന്നുപോയതും പിന്നാലെഅടുത്തുകണ്ട വേലി ചാടിക്കടന്ന് ഓടിയ തനിക്കും കുടുംബത്തിനും സുരക്ഷിത സ്ഥാനത്തേക്കുള്ള വഴി പറഞ്ഞുതന്നത് അവിടുത്തെ ഗ്രാമവാസികളാണെന്ന് ദേബാശീഷ് പറയുന്നു.
“അപ്പോഴേക്കും തന്റെ ഗൈഡും ഡ്രൈവറും അവിടെയെത്തി. അവര്‍ തന്നെയും കുടുംബത്തെയും സുരക്ഷിതരായി ശ്രീനഗറില്‍ എത്തിച്ചു. ഇപ്പോള്‍ കുടുംബത്തോടൊപ്പം താന്‍ സുരക്ഷിതനാണ്. അസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിരന്തരം ബന്ധപ്പെടുന്നുണ്ട്” ദേബാശീഷ് പറഞ്ഞു. വൈകാതെ സുരക്ഷിതരായി നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ദേബാശീഷും കുടുംബവും.
സിലിചറിലെ അസം യൂണിവേഴ്‌സിറ്റിയിലെ ബെംഗാളി പ്രൊഫസറാണ് ദേബാശീഷ് ഭട്ടാചാര്യ.