ചെന്നൈ: കെ പൊന്മുടിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേസിൽ സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
ശൈവ- വൈഷ്ണവ വിശ്വാസങ്ങളെ അവഹേളിച്ച് കൊണ്ടുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രി പൊൻമുടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ വാദം കേൾക്കുകയായിരുന്നു ചെന്നൈ ഹൈക്കോടതി
ഈ മാസം എട്ടാം തീയതി ഡി എം കെ യുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ, ശൈവ- വൈഷ്ണവ വിശ്വാസങ്ങളെയും കുറിച്ചും സ്ത്രീകളെക്കുറിച്ചും മന്ത്രി പൊൻമുടി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ഇതിനെ പലരും എതിർത്തതിനെത്തുടർന്ന് പൊന്മുടിയെ ഡിഎംകെ പാർട്ടി നേതൃത്വത്തിൽ നിന്ന് പുറത്താക്കി.
“അതേസമയം പൊന്മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പി. ജഗന്നാഥ് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. ഒരു ജനപ്രതിനിധി എന്ന നിലയിൽ മന്ത്രി പൊൻമുടിയുടെ പ്രസംഗം ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. പൊന്മുടിയുടെ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടുന്നില്ല, ഒരു പ്രത്യേക മതത്തെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യവുമല്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ, എല്ലാ ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മന്ത്രി പൊൻമുടിക്കുണ്ട്. മന്ത്രി പൊന്മുടിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സത്യപ്രതിജ്ഞാ വേളയിൽ എടുത്ത സത്യപ്രതിജ്ഞ ലംഘിച്ച മന്ത്രി പൊൻമുടിയെ പുറത്താക്കണം”,പി. ജഗന്നാഥ് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഈ ക്‌സിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് ശ്രീറാം, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുടെ ബെഞ്ച് കേസിൽ മറുപടി നൽകാൻ തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിടുകയും വാദം കേൾക്കൽ ജൂൺ 19 ലേക്ക് മാറ്റുകയും ചെയ്തു.