അമരാവതി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ. സംഭവത്തെത്തുടർന്ന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുകളെ തുടർന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഭരണകൂടം ക്ഷേത്രനഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രനഗരത്തിലും പരിസരത്തും, പ്രത്യേകിച്ച് തിരുമലയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ജിഎൻസി ടോൾഗേറ്റിൽ പൊലീസ് സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. അലിപിരിയിൽ നിന്ന് ഘാട്ട് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഘാട്ട് റോഡിന്റെ മധ്യത്തിലും അലിപിരി ടോൾ ഗേറ്റിലും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ലഗേജുകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രധാന മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശ്രീവരി ക്ഷേത്രത്തിലും പരിസരത്തും സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്, ഭക്തർക്ക് സമാധാനപരമായും തടസങ്ങളില്ലാതെയും ദർശനം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.