കൊച്ചി: പഹൽഗാമിൽ ഭീകരാക്രണത്തിൽ ജീവൻ നഷ്ടപ്പെട്ട രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കുടുംബവും ജന്മനാടും. സ്വയംസേവകനായ രാമചന്ദ്രന് അദ്ദേഹം ആഗ്രഹിച്ചിരുന്ന യാത്രയപ്പായിരുന്നു കുടുംബം നൽകിയത്. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് രാമചന്ദ്രന് ഭാര്യ ഷീലയും മകൾ ആരതിയും മകനും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യഞ്ജലി അർപ്പിച്ചത്. വികാരനിർഭരമായ രംഗങ്ങൾക്കാണ് ഇടപ്പള്ളിയിലെ രാമചന്ദ്രന്റെ വീട് സാക്ഷ്യം വഹിച്ചത്.
വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷമാണ് മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ എത്തിച്ചത്. മകളും മകനും ചേർന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്. ശ്മശാനത്തിലേയ്‌ക്കുള്ള യാത്രയ്‌ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നിരുന്നു.
സാമൂഹ്യ- സാസ്കാരിക രംഗത്ത് സജീവമായിരുന്ന രാമചന്ദ്രന് അന്ത്യഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വീട്ടിലും പൊതുദർശനത്തിന് വച്ച് ചങ്ങമ്പുഴ പാർക്കിലും എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.