ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ അമൃത്സറിലെ വാഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം വെടിയുതിർത്തിരുന്നു. നിലവിൽ സ്ഥിതിഗതികൾ മോശമാകുമെന്നതിനെ തുടർന്നാണ് പലായനം.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു പാകിസ്താനികൾ ഇന്ത്യ വിടുക എന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് പലായനം ചെയ്യണമെന്ന് കേന്ദ്രം പാക് പൗരന്മാരോട് നിർദേശിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇത് അടച്ചിട്ടിരിക്കുകയാണ്.
പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുപിയിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ യോഗം ചേർന്നു.
ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ അഞ്ച് പ്രധാന നയതന്ത്ര തീരുമാനങ്ങൾ ഇന്ത്യ കൈക്കൊണ്ടിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു. അട്ടാരി അതിർത്തി അടച്ചു, ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ടു, ഇസ്ലാമാബാദിലെ ഇന്ത്യൻ മിഷനിലെയും ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെയും ജീവനക്കാരെ കുറച്ചു. ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള ഏക പ്രവർത്തനക്ഷമമായ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റും ഉടനടി അടച്ചിരുന്നു.















