മുംബൈ: മേക്കപ്പ് കഴുകി കളയാൻ നദിയിൽ ഇറങ്ങിയ ഡാൻസർ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന മറാത്തി ചിത്രമായ രാജാ ശിവാജിയുടെ ലോക്കേഷനിലായിരുന്നു അപകടം. 26 കാരനായ സൗരഭ് ശർമ്മയാണ് മരിച്ചത്.
ഏപ്രിൽ 22 നാണ് സൗരഭിനെ കൃഷ്ണാ നദിയിൽ കാണാതായത്. ഗാന രംഗം ചിത്രീകരിക്കുന്നതിനിടെ കയ്യിൽ പറ്റിയ ചായം കഴുകി കളയാൻ നദിയിലേക്ക് ഇറങ്ങിയതായിരുന്നു യുവാവ്. നീണ്ട തെരച്ചലിനൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെ സത്താറ ജില്ലയിലായിരുന്നു ചിത്രീകരണം. അപകട സമയത്ത് റിതേഷ് ദേശ്മുഖ്, ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ ജെനീലിയ ദേശ്മുഖ്, നൃത്തസംവിധായകൻ റെമോ ഡിസൂസ എന്നിവർ ലോക്കേഷനിലുണ്ടായിരുന്നു. സത്താറ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചെന്നാണ് റിപ്പോർട്ട്.















