ന്യൂഡല്‍ഹി: പകർപ്പവകാശ ലംഘന കേസിൽ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്മാനും, സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി നിർദ്ദേശിച്ചു. പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട കേസിലാണ് ദല്‍ഹി ഹൈക്കോടതി യുടെ നിർദ്ദേശം.
പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ ക്ലാസിക്കൽ ഗായകനുമായ ഫയാസ് വസിഫുദ്ദീൻ ദാഗർ, തന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് സംഗീതം നൽകിയ ‘ശിവ സ്തുതി’ എന്ന ഗാനത്തിൽ നിന്ന് കോപ്പിയടിച്ചതാണ് ‘വീര രാജ വീര’ ഗാനത്തിന്റെ രചനയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു.
റഹ്മാനും മദ്രാസ് ടാക്കീസും ഉൾപ്പെടെയുള്ളവരെ ഗാനം ഉപയോഗിക്കുന്നതിൽ നിന്ന് സ്ഥിരമായി തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ധാർമിക അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വീര രാജ വീര’ എന്ന ഗാനം ‘ശിവ സ്തുതി’ എന്ന ഗാനത്തിന്റെ രചനയെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ലെങ്കിലും അതിനോട് സാമ്യമുണ്ടെന്നും കോടതി നിഗമനത്തിലെത്തി.
ഗാനരചനക്ക് ദാഗർ സഹോദരന്മാർക്ക് റഹ്മാനും മദ്രാസ് ടാക്കീസും തുടക്കത്തിൽ ഒരു ക്രെഡിറ്റും നൽകിയിട്ടില്ലെന്നും ഗാനത്തിന്റെ യഥാർത്ഥ സംഗീതസംവിധായകരായ ദാഗറിന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗർ, അമ്മാവൻ ഉസ്താദ് എൻ സാഹിറുദ്ദീൻ ദാഗർ എന്നിവർക്ക് ക്രെഡിറ്റുകൾ നൽകിക്കൊണ്ട്, പുതിയ സ്ലൈഡുകൾ ചേർക്കാൻ ജസ്റ്റിസ് സിംഗ് ഉത്തരവിട്ടു.ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ക്രെഡിറ്റുകൾ ചേർക്കാൻ സിനിമ നിർമാതാവിനോട് ഉത്തരവിടുന്നെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ രജിസ്ട്രിയിൽ രണ്ട് കോടി രൂപ നിക്ഷേപിക്കണമെന്നും ഡാഗറിന് രണ്ട് ലക്ഷം രൂപ ചെലവ് നൽകണമെന്നും കോടതി ഉത്തരവിട്ടു.















