ന്യൂഡൽഹി: പതിനഞ്ചാമത് റോസ്ഗർ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകൾ ഉദ്യോഗാർത്ഥികൾക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പുതുതായി നിയമിതരായ 51,236 ഉദ്യോഗാർത്ഥികൾക്കാണ് നിയമന കത്തുകൾ നൽകിയത്. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി റോസ്ഗർ മേളയുടെ ഭാഗമായി.
നിയമന കത്തുകൾ നൽകികൊണ്ട് പ്രധാനമന്ത്രി എല്ലാ ഉദ്യോഗാർത്ഥികളെയും അഭിനന്ദിച്ചു. “നിങ്ങളുടെ പുതിയ ഉത്തരവാദിത്തത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയും അടിസ്ഥാനസൗകര്യങ്ങളും ആഭ്യന്തരസുരക്ഷയും ശക്തിപ്പെടുത്തണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണമെന്നും” പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ യുവാക്കളുടെ പങ്ക് നിർണായകമാണ്. സ്വയം തൊഴിലിലൂടെ യുവാക്കൾ അവരുടെ കഴിവുകൾ തെളിയിക്കുന്നു. സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങൾ യുവാക്കൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ പുതിയ വേദിയൊരുക്കി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് നമ്മുടെ യുവാക്കൾ സാങ്കേതികവിദ്യയിൽ അത്ഭുതപൂർണമായ ഉയരങ്ങളിലേക്ക് എത്തി”.
രാജ്യത്തെ യുവാക്കൾക്കായി മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി നടക്കും. രാജ്യത്ത് ആദ്യമായാണ് യുവാക്കൾക്കായി ഇത്തരമൊരു വേദിയൊരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഎസ് സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെയും മോദി അഭിനന്ദിച്ചു. നമ്മുടെ പെൺമക്കൾ മിടുക്കികളാണെന്നും ആദ്യ റാങ്കുകൾ നേടിയത് പെൺകുട്ടികളാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു.