ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയ്‌ക്കും കുരുക്ക് മുറുകുന്നു. ചൊവ്വാഴ്ച ജിന്റോയെ എക്സൈസ് ചോദ്യം ചെയ്യും. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലീമയ്‌ക്ക് ജിന്റോയും നിരന്തരം പണം കൈമാറിയുരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എക്സൈസ് അന്വേഷണം.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണം സിനിമയിൽ നിന്നും ടെലിവിഷനിലേക്കും നീളുകയാണ്. തസ്ലീമയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് നിർണ്ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചത്.
സിനിമ- ടെലിവിഷൻ മേഖലയിൽ നിന്നും അഞ്ച് പേർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകൻ എക്സൈസ് നോട്ടീസ് നൽകിയത്. സിനിമാ താരാങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പാലക്കാട് സ്വദേശിയായ മോഡൽ ബാക്ക് ഡെവിൾസ് സച്ചുവിനോടുമാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്ക് ഡെവിൾസ് സച്ചുവിന്റെ അക്കൗണ്ട് വഴിയാണ് തസ്ലീമയിലേക്ക് കൂടുതലായും പണം എത്തിയത്. സച്ചുവിന്റെ അക്കൗണ്ടിലേക്ക് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി വിൽപ്പനയിലെ ഇടനിലക്കാരിയാണ് മോഡൽ എന്നാണ് എക്സൈസിന്റെ സംശയം. താരങ്ങൾക്കൊപ്പം ഇരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക.















