കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നായക്കുട്ടികള്‍ ചേര്‍ന്ന് ഒരു സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഷോ ആയ ‘പോ’ സമ്മിറ്റിലായിരുന്നു നജസ്സ്-ആന്‍ ഇംപ്യുവര്‍ സ്റ്റോറിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം.
നായക്കുട്ടികളായ ട്യൂട്ടിയും നജസ്സില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച, പെട്ടിമുടി ദുരന്തത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കുവിയും ചേര്‍ന്നാണ് ‘നജസ്സി’ന്റെ
സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും, ഗാനരചയിതാവുമായ മുരളി നീലാംബരി, നടന്‍ കൈലാഷ്, അമ്പിളി ഔസേപ്പ്, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ വിഷ്ണു രാംദാസ്, കുവിയുടെ ട്രെയിനര്‍ അജിത് മാധവന്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകനും ആര്‍ത്ഥികം കമ്യൂണിക്കേഷന്‍സ് സഇഒയുമായ ദിപിന്‍ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താര നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു.
അനവധി അന്താരാഷ്‌ട്ര, ദേശീയ ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ നജസ്സ്, സാമൂഹിക പ്രസക്തിയോടെ പുതിയ ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്നതാവുമെന്ന് സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് പറഞ്ഞു. ‘വരി: ദി സെന്റന്‍സ്’ എന്ന സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമയ്‌ക്ക് ശേഷം, ശ്രീജിത്ത് പൊയില്‍ക്കാവിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ഈ പുതിയ ചിത്രം, മനുഷ്യ മനസ്സിന്റെ ആന്തരിക കലാപങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി, പ്രകാശ് സി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നജസ്സ്’ നിര്‍മ്മിച്ചിരിക്കുന്നത്. നീലാംബരി പ്രൊഡക്ഷന്‍സും വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍, നായയുടെ കഥാപാത്രത്തെയും, മനുഷ്യ കഥാപാത്രങ്ങളെയും സമന്വയിപ്പിക്കുന്ന അപൂര്‍വമായ പ്രതിനിധാനവും, മികച്ച സാങ്കേതിക ഘടനകളും ഗൗരവമായി വിലയിരുത്തപ്പെടുന്നു. ഇതിനോടകം തന്നെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞ ‘നജസ്സ്’, മേയ് 29ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
മാധ്യമപ്രവര്‍ത്തകരായ ദിപിന്‍ ദാമോദരന്റെയും ഭാര്യ ലക്ഷ്മി നാരായണന്റെയും അരുമയാണ് പോസ്റ്റര്‍ സ്വീകരിച്ച മിന്‍പിന്‍ ബ്രീഡില്‍ പെടുന്ന ട്യൂട്ടി എന്ന നായക്കുട്ടി.















