കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ എത്തിയത്. ചികിത്സയിൽ കഴിയുന്നതിനാൽ ഒരു മണിക്കൂറിനകം തിരിച്ചു പോകണമെന്ന് ഷൈൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആവശ്യം അന്വേഷണ സംഘം അംഗീകാരിക്കാൻ ഇടയില്ല.
അതുപോലെ പാലക്കാട് സ്വദേശിയായ മോഡൽ സൗമ്യയും എക്സൈസിന് മുന്നിൽ ഹാജരായിട്ടുണ്ട്. മൂവരേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതി. നിർണ്ണായകമായ പല വിവരങ്ങളും ഇവരിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതിക്ഷ.
തസ്ലീമയെ അറസ്റ്റിലായതിന് പിന്നാലെ തന്നെ രണ്ട് നടൻമാരുമായുള്ള ബന്ധം പുറത്ത് വന്നിരുന്നു. തസ്ലീമയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് നിർണ്ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടാതെ ലഹരിയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ചാറ്റുകളും സുപ്രധാന തെളിവായി.
മോഡൽ സൗമ്യയുടെ അക്കൗണ്ട് വഴിയാണ് തസ്ലീമയിലേക്ക് കൂടുതലായും പണം എത്തിയത്. സൗമ്യയുടെ അക്കൗണ്ടിലേക്ക് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. . ലഹരി വിൽപ്പനയിലെ ഇടനിലക്കാരിയാണ് മോഡൽ എന്നാണ് എക്സൈസിന്റെ സംശയം. ലഹരി ബന്ധം തെളിഞ്ഞാൽ മൂവരേയും പ്രതി ചേർക്കും.















