തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ മയക്കു മരുന്നു കേസിൽ കുടുക്കിയ കേസിലെ മുഖ്യ പ്രതി നാരായണദാസ് പിടിയിൽ. ബെംഗളൂരുവിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ മയക്കുമരുന്നിനു സമാനമായ വസ്തുവെച്ച ശേഷം എക്‌സൈസിന് വിവരം നൽകുകയായിരുന്നു. ഷീലാ സണ്ണിയുടെ വാഹനത്തിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ എന്ന് കരുതി പിടികൂടിയ വസ്തുക്കൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതുസംബന്ധിച്ച് വിവരം നൽകിയതും തുടർന്ന് എക്‌സൈസ് പരിശോധന നടത്തിയതും. കേസിൽ ഷീലക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
സംഭവത്തിൽ എക്‌സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിച്ചു.















