കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി പൊലീസ്. ആറ് ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘം കണ്ടെടുത്തത്. പരിശോധന നടക്കുന്ന സമയത്ത് ഫ്ലാറ്റിൽ വേടനടക്കം ഒമ്പത് പേർ ഉണ്ടായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. സംഭവത്തിന് പിന്നാലെ വേടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടൻ സമ്മതിച്ചതായും പൊലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.
പരിപാടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വേടൻ ഫ്ലാറ്റിൽ എത്തിയത് ഇന്നലെ രാത്രിയായിരുന്നു. ഇവിടെ കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് നടന്നത്. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വേടൻ സമ്മതിച്ചുവെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ വൈദ്യ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 9.5 ലക്ഷം രൂപയും വേടന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. പരിപാടിയുടെ ബുക്കിംഗ് തുകയാണിതെന്ന് വേടൻ മൊഴി നൽകി.
ഇടതു സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടത്താനിരുന്ന വേടന്റെ പരിപാടി ഇതിനിടെ റദ്ദാക്കി. കഞ്ചാവുമായി പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സർക്കാർ പരിപാടിയിൽ വേടന്റെ ഷോ ഏറെ ചർച്ചയായിരുന്നു. പരിപാടി കാണാനെത്തിയ ജനക്കൂട്ടത്തിന്റെ തിരക്ക് വലിയ വാർത്തയാവുകയും ചെയ്തു.















