ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്‌ക്ക് വേണ്ടിയാണ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. 63,000 കോടി രൂപയുടേതാണ് പ്രസ്തുത കരാർ. ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ് റഫാൽ എം .
നാവികസേനയുടെ ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ്. വിക്രാന്ത് എന്നിവയിൽനിന്ന് വ്യന്യസിക്കാനാണ് ഫൈറ്റർ ജെറ്റുകൾ എത്തിക്കുന്നത്. 22 സിംഗിൾ സീറ്റ്റഫാൽ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാൽ ബി ട്രെയിനർ വിമാനങ്ങളുമാണ് കരാർ പ്രകാരം ഇന്ത്യയ്‌ക്ക് ഫ്രാൻസ് നൽകുക. കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ഇവ പ്രവർത്തിക്കാനുള്ള ലോജിസ്റ്റിക്കൽ സപ്പോർട്ട്, പറക്കൽ പരിശീലനം, തദ്ദേശീയ ഘടക നിർമ്മാണം എന്നിവയും കരാറിന്റെ ഭാഗമായി. 2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്‌ക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങള്‍ ലഭിക്കും. 2031 ഓടെ കരാര്‍ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഏപ്രിൽ 9 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് റഫാൽ വാങ്ങാനുള്ള അനുമതി നൽകിയത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗാണ് ഇന്ത്യയ്‌ക്ക് വേണ്ടി കരാറിൽ ഒപ്പുവച്ചത്. നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറൽ കെ. സ്വാമിനാഥൻ ചടങ്ങിൽ പങ്കെടുത്തു. നിലവിൽ 36 റഫാൽ വിമാനങ്ങൾ ഇന്ത്യയ്‌ക്കുണ്ട്. പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹാഷിമാര എന്നിവിടങ്ങളിലാണ് ഇത് വ്യന്യസിച്ചിരിക്കുന്നത്.















