മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച താഴേക്കടിച്ച ഓഹരി വിപണിയില്‍ തിങ്കളാഴ്ച കുതിപ്പ്. നിഫ്റ്റി 289.15 പോയന്റ് ഉയര്‍ന്ന് 24,328.50 ത്തിലെത്തി. സെന്‍സെക്‌സ് 1027.19 പോയിന്റ് ഉയര്‍ന്ന് 80,23920.72 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 1.2 ശതമാനവും സെന്‍സെക്‌സ് 1.3 ശതമാനവും മുന്നേറി.
എല്ലാ വിശാലമായ വിപണി സൂചികകളും പോസിറ്റീവ് ആയിരുന്നു. ഇത് വരാനിരിക്കുന്ന ശക്തമായ സെഷനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, മറ്റ് നിരവധി ബ്ലൂ-ചിപ്പുകള്‍ തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ ശക്തമായ നേട്ടങ്ങളാണ് ദലാല്‍ സ്ട്രീറ്റിലെ ഇന്നത്തെ റാലിക്ക് കരുത്ത് പകര്‍ന്നത്. പ്രധാന ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികളുടെ ഓഹരികളും കുത്തനെ ഉയര്‍ന്നു.
റിലയന്‍സ് നയിച്ചു
മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ട റിലയന്‍സാണ് വിപണിയിലെ കുതിപ്പിനെ മുന്നില്‍ നിന്നു നയിച്ചത്. ബ്രോക്കറേജുകള്‍ കമ്പനിയുടെ മികച്ച ഫലത്തെ സ്വാഗതം ചെയ്തതിനെത്തുടര്‍ന്ന് റിലയന്‍സ് ഓഹരികള്‍ 5 ശതമാനത്തിലധികം ഉയര്‍ന്നു. അതേസമയം ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ പ്രധാന ബാങ്കിംഗ് ഓഹരികള്‍ ഏകദേശം 2% വീതം ഉയര്‍ന്നു.
എഫ്ഐഐകള്‍ പോസിറ്റീവ്
ആഗോള അനിശ്ചിതത്വം വര്‍ദ്ധിച്ചുവരുന്നതിനിടയിലും ഇന്ത്യന്‍ വിപണികളുടെ പ്രതിരോധശേഷി ശ്രദ്ധേയമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.
‘ഇന്ത്യ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ച അനിശ്ചിതത്വം വിപണികളെ ബാധിക്കും. എന്നിരുന്നാലും, ആശങ്കകളുടെ നിരവധി മതിലുകള്‍ മറികടക്കാന്‍ വിപണികള്‍ക്ക് അസാമാന്യമായ കഴിവുണ്ടെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു.
നിലവിലെ റാലിക്ക് പിന്നിലെ ഒരു പ്രധാന പോസിറ്റീവ് ശക്തി വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) ശക്തമായ തിരിച്ചുവരവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ 32,465 കോടി രൂപ എഫ്്‌ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















